10:11am 12 August 2026
NEWS
മെസിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം മുൻ കായിക മന്ത്രിയോ? വി അബ്​ദുറഹിമാന് കുരുക്കാകുന്ന രേഖകകൾ പുറത്ത്
12/08/2026  07:48 AM IST
nila
മെസിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം മുൻ കായിക മന്ത്രിയോ? വി അബ്​ദുറഹിമാന് കുരുക്കാകുന്ന രേഖകകൾ പുറത്ത്

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദത്തിന്റെ മറവിൽ നടന്ന തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) ആശയവിനിമയം നടത്തിയത് കായിക വകുപ്പാണെന്ന മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ആശയവിനിമയം നടന്നത് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണെന്നാണ് ലഭിച്ച രേഖകളിൽനിന്ന് വ്യക്തമാകുന്നത്.

മുൻ കായിക മന്ത്രിയുടെ ഇമെയിൽ വിവരങ്ങളാണ് പുറത്തുവന്നത്. ഇമെയിലിൽ കായിക സെക്രട്ടറി, കായിക ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് കോപ്പി നൽകിയിട്ടില്ല. പകരം സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ് ഇമെയിലിന്റെ കോപ്പി അയച്ചിരിക്കുന്നത്. ഇതിന് പുറമെ മലപ്പുറം സ്വദേശിയായ അമീറ ഐഷ ബീഗത്തിനും കോപ്പി നൽകിയിട്ടുണ്ട്. അമീറ മന്ത്രിയുടെ സുഹൃത്താണെന്നാണ് വിവരം.

മെസിയുടെ കേരള സന്ദർശനമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരം രേഖകൾ പുറത്തുവരുന്നത്. ഇതോടെ പദ്ധതിയുടെ നടപടിക്രമങ്ങളും ആരുടെ ഇടപെടലിലാണ് കാര്യങ്ങൾ മുന്നോട്ടുപോയതെന്നതും സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്.

ഉന്നതതല അന്വേഷണം ഉണ്ടായേക്കും

അതേസമയം, മെസിയുടെ പേരിലുള്ള പദ്ധതിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതിയും ചട്ടലംഘനങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നതായാണ് വിവരം. പദ്ധതിയുടെ സാമ്പത്തിക ഇടപാടുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കാനാണ് നീക്കം.

പദ്ധതിയുടേത് വിചിത്രമായ വാണിജ്യ ഘടനയാണെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിലെ വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവുകളോ രേഖകളോ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിലൂടെ നടന്നത് വിദേശനാണയ വിനിമയം മാത്രമാണെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

വിഷയം നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭാ തീരുമാനം പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളിൽ നിർണായകമായേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img